
ബെംഗളൂരു: നഗരത്തിലെ ടാക്സി സർവീസ് രംഗത്ത് പുതിയ മത്സരം സൃഷ്ടിച്ച് വിയറ്റ്നാം ആസ്ഥാനമായുള്ള ഇലക്ട്രിക് ടാക്സി കമ്പനിയായ ഗ്രീൻ എസ്.എം (Green SM) ബെംഗളൂരുവിലേക്ക് എത്തുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സർവീസ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ കമ്പനികൾക്ക് പുതിയ വെല്ലുവിളിയാകും.
വിയറ്റ്നാമിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ വിൻഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് ഗ്രീൻ എസ്.എം. 2023-ൽ പ്രവർത്തനം ആരംഭിച്ച കമ്പനി പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുള്ള ടാക്സി സർവീസിലൂടെയാണ് ശ്രദ്ധ നേടിയത്. ഇന്ത്യയിൽ ഡൽഹി എൻ.സി.ആറിലും ഹൈദരാബാദിലും പ്രവർത്തനം ആരംഭിച്ച ശേഷമാണ് ബെംഗളൂരുവിലേക്ക് കടക്കുന്നത്. കർണാടക ഗതാഗത വകുപ്പിൽനിന്ന് ആപ്പ് അധിഷ്ഠിത ടാക്സി സർവീസ് നടത്താനുള്ള ലൈസൻസും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
വിൻഫാസ്റ്റിന്റെ ലിമോ ഗ്രീൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനങ്ങൾ കുടുംബയാത്രകൾക്കും വിമാനത്താവള യാത്രകൾക്കും സൗകര്യപ്രദമാണ്. സ്വന്തം വാഹനങ്ങളും കമ്പനി നിയമിക്കുന്ന ഡ്രൈവർമാരുമുള്ള പ്രവർത്തനരീതിയാണ് മറ്റൊരു പ്രത്യേകത. വാഹനങ്ങളിലെ ക്യാമറകളും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിടുന്നു.
യാത്രാനിരക്കിന്റെ കാര്യത്തിലും വലിയ പ്രതീക്ഷയുണ്ട്. കിലോമീറ്ററിന് എട്ടു രൂപ എന്ന നിരക്കിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സർക്കാർ അംഗീകരിച്ച നിരക്കുകൾ പാലിച്ചായിരിക്കും സർവീസ്.
അതേസമയം, പുതിയ കമ്പനിയുടെ വരവ് നിലവിലുള്ള ടാക്സി ഡ്രൈവർമാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിലുള്ള മത്സരം തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് അവരുടെ ഭയം.
ബെംഗളൂരുവിലെ വർധിച്ചുവരുന്ന വായുമലിനീകരണത്തിനും ഗതാഗതപ്രശ്നങ്ങൾക്കും ഇലക്ട്രിക് ടാക്സികൾ ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും നിരക്കിൽ മത്സരവും ലഭിക്കുമ്പോൾ, ടാക്സി തൊഴിലാളികളുടെ തൊഴിൽസുരക്ഷയും പ്രധാന ചർച്ചയാകും. അഞ്ഞൂറോളം ഗ്രീൻ എസ് എം ഇലട്രിക് കാറുകൾ ബംഗളുരുവിൽ എത്തിയിട്ടുണ്ട്. എന്നാൽ എതിർപ്പ് രൂക്ഷമായതിനാൽ ഈ കാറുകളുടെ റെജിസ്ട്രേഷൻ കർണാടക ഗതാഗത വകുപ്പ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നിരുന്നാലും റെജിസ്ട്രേഷൻ നടപടികൾ ഉടനെ പുനരാരംഭിച്ചേക്കും. നഗരത്തിലെ ടാക്സി വിപണിയിൽ ഗ്രീൻ എസ്.എം. എത്രത്തോളം മാറ്റമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണണം.
Photo Courtesy - Google










